ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്ന് മൂന്നുകിലോ മീറ്റര്‍ വടക്കുകിഴക്കു മാറി മലകളുടെയും പാറക്കെട്ടുകളുടെയും സംഗമസ്ഥാനമായ ഒരു കൊച്ചുഗ്രാമം ശബരിമല അയ്യപ്പ സ്വാമിയുടെയും, വാവരു സ്വാമിയുടെയും എരുമേലി മണികണ്ഠ സ്വാമിയുടെയും നിലയ്ക്കല്‍ പള്ളിയുടെയും പവിത്ര സങ്കേതങ്ങളിലേക്കുള്ള പ്രവേശനകവാടം കൂടിയാണ്. കുറ്റിക്കാടുകളും വയലേലകളും കൈത്തോടുകളും പാറക്കെട്ടുകളും നിറഞ്ഞ ഈ പ്രദേശം സുബ്രഹ്മണ്യ വാഹനമായ മയിലുകളുടെ ആവാസകേന്ദ്രമായിരുന്നു. പുരാതനകാലത്ത് മയിലുകള്‍ക്ക് പരിശുദ്ധി കല്പിച്ചിരുന്ന ഹൈന്ദവ ശ്രേഷ്ഠന്മാര് ഈ പക്ഷികള്‍ക്ക് ആവശ്യമായ പരിരക്ഷണം അക്കാലത്ത് നല്‍കിയിരുന്നതായി വിശ്വസിക്കാം. മയിലുകള്‍ കൂട്ടമായി അധിവസിച്ചിരുന്ന പാറപ്രദേശത്തിന് മയില്‍പ്പാറ എന്ന നാമധേയം വന്നു ചേര്‍ന്നതായിട്ടാണ് സങ്കല്പം. ഇതിനടുത്തുള്ള ‘മയിലാടും പാറ’ എന്ന സ്ഥലനാമം കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ മുകളില്‍ ഉദ്ധരിച്ച ഊഹത്തിന് ശക്തി വര്‍ദ്ധിക്കുന്നു. അങ്ങനെ മയില്പ്പാറയായിത്തീര്ന്ന ഈ സ്ഥലം കാലക്രമത്തില്‍ മൈലപ്രാ എന്ന് രൂപാന്തരം പ്രാപിച്ചു. മൈലപ്രായ്ക്കു തൊട്ടു വടക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന മേക്കൊഴൂര്‍ ഋഷികേശ ക്ഷേത്രത്തിന് ഏകദേശം 500ലധികം വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്. മേക്കൊഴൂര്‍ എം.ഡി.എല്‍.പി സ്കൂള്‍ സമീപപ്രദേശത്തുള്ളതില് ഏറ്റവും പഴക്കമേറിയ സ്കൂളാണ്. പമ്പയാറിന്റെ കീഴ്ഭാഗത്തുള്ള ഊരിന് കീക്കൊഴൂര്‍ എന്നും മേല്‍ഭാഗത്തുള്ള ഊരിന് മേക്കൊഴൂര്‍ എന്നും നാമധേയം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ഒരുകാലത്ത് ഈ പ്രദേശങ്ങളില്‍ നിന്ന് കാര്‍ഷിക വിഭവങ്ങള്‍ ശേഖരിച്ച് പേരുച്ചാല്‍ (കീക്കൊഴൂര്‍) കടവില്‍ എത്തിച്ച് തോണിയില്‍ തിരുവാറന്മുള ക്ഷേത്രത്തില്‍ അത്തച്ചമയത്തിന് കൊണ്ടു പോയിരുന്നതായി പഴമക്കാര്‍ പറയുന്നു. യാത്രാസൌകര്യം വേണ്ടത്രയില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്ന് സ്വാമിദര്‍ശനത്തിനായി ശബരിമലയിലേക്കു പോയിരുന്ന അയ്യപ്പഭക്തന്മാര് ഇതുവഴി കാല്‍നടയായി സഞ്ചരിച്ചിരുന്നു.