സ്ഥാപന ചരിത്രം

കുമ്പഴ മൈലപ്രാ കേന്ദ്രമാക്കി വില്ലേജ് യൂണിയന്‍ എന്ന പേരില്‍ ഒരു സംഘടന 1948-ല്‍ റവ. ഫാ. എ ജി ഏബ്രഹാം മാധവവിലാസത്തു മാധവന്‍ കര്‍ത്താവു തുടങ്ങിയ പ്രഗത്ഭമതികളായ വ്യക്തികളുടെ ശ്രമഫലമായി ഉടലെടുക്കുകയുണ്ടായി. പില്‍ക്കാലത്ത് പഞ്ചായത്ത് സമിതികള്‍ രാജ്യത്താകെ പ്രചാരത്തിലായതോടുകൂടി ഈ സംഘടന കുമ്പഴ മൈലപ്ര പഞ്ചായത്തായി രൂപം പ്രാപിച്ചു. അങ്ങനെ 1953 ഒക്ടോബറിലെ ഗാന്ധിജയന്തിനാള്‍ കുമ്പഴ മൈലപ്രാ പഞ്ചായത്തു രൂപീകൃതമായി. ആരംഭം മുതല്‍ 1962-ല്‍ സ്വന്തമായ പഞ്ചായത്തു കെട്ടിടത്തിലേക്കു ആഫീസ് പ്രവര്‍ത്തനം മാറ്റുന്നതുവരെ റവ. ഫാ.എ ജി.ഏബ്രഹാമിന്റെ വക സ്വന്തം കെട്ടിടത്തിലായിരുന്നു ആഫീസ് പ്രവര്‍ത്തനം നടത്തിപ്പോന്നത്. ആദ്യകാലത്ത് പത്തനംതിട്ട-റാന്നി-വടശ്ശേരിക്കര എന്നീ വില്ലേജുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു കുമ്പഴ-മൈലപ്രാ പഞ്ചായത്തു രൂപീകൃതമായത്. 1962-ലെ പുന:സംഘടനയോടുകൂടി കുമ്പഴയുടെ ഭാഗങ്ങള്‍ അന്നത്തെ പത്തനംതിട്ട പഞ്ചായത്തില്‍ ലയിപ്പിച്ചു. അതോടുകൂടി മൈലപ്രാ വില്ലേജ് മൊത്തമായും പത്തനംതിട്ട-റാന്നി വില്ലേജുകളുടെ കുറേഭാഗങ്ങളും ചേര്‍ത്ത് ഇന്നത്തെ മൈലപ്രാ പഞ്ചായത്തു നിലവില്‍ വന്നു. മലകളും, താഴ്വരകളും അടക്കം വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് മൈലപ്രാ ഗ്രാമപഞ്ചായത്ത്. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും, വടക്ക് നിന്ന് തെക്കോട്ടും ചരിഞ്ഞ ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്. മൈലപ്രായുടെ പടിഞ്ഞാറ് ഭാഗം ഫലഭൂയിഷ്ഠമായ മണ്ണാണെങ്കില്‍ കിഴക്ക് ഭാഗം പാറകളാല്‍ നിറഞ്ഞിരിക്കുന്നു. വലിയ ചൂടും തണുപ്പും ഇല്ലാത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.